മധ്യതിരുവിതാംകൂറിലെ അനു ഷ്‌ഠാന കലയും ആഘോഷവുമാണ് പടയണി. പ്രശസ്‌തമായ നീലംപേരൂര്‍ പൂരം പടയണി അക്കൂട്ടത്തില്‍ പലതുകൊണ്ടും ശ്രദ്ധേയമാണ്. നീലമ്പേരൂരിലെ പടയണി കന്നിമാസത്തിലാണ് നടക്കുക; മറ്റു പടയണികള്‍ ധനുവിലേ തുടങ്ങൂ. ഇക്കൊല്ലം സപ്റ്റംബര്‍ 28ന് ആണ് ഇവിടെ പടയണി.
പടയണി എന്നാൽ സൈന്യം അഥവാ പടയുടെ നീണ്ട നിര എന്നാണർത്ഥം. ഒരു യുദ്ധത്തിലെന്നപോലെ ജനങ്ങൾ(പട) അണിനിരക്കുന്ന ഉത്സവമായതിനാലാണ് പടയണി എന്ന പേരു വന്നത്. പടേനി എന്നു നാട്ടുഭേദമുണ്ട്.
ചേരമാൻ പെരുമാളുമായി ബന്ധപ്പെടുത്തിയാണ് പടയണിയുടെ ഒരു ഐതിഹ്യം. നീലംപേരൂർ പടയണി ആരംഭിച്ചത് പെരുമാളിൻറെ വരവു പ്രമാണിച്ചാണത്രെ. ചേരമാൻ പെരുമാൾ ഒരു നാൾ തിരുവഞ്ചിക്കുളത്തു നിന്നും കായൽ വഴി വള്ളത്തിൽ സഞ്ചരിച്ചു വരുമ്പോൾ നീലംപേരൂർ പ്രദേശത്തിൻറെ ഭൂപ്രകൃതി കണ്ട് ആകൃഷ്ടനായി. ഗ്രാമത്തിൽ കൊട്ടാരം പണികഴിപ്പിച്ച് അവിടെ താമസമാക്കി. പെരുമാൾ തൻറെ ഉപാസനാമൂർത്തിയായ പെരിഞ്ഞനത്തു ഭഗവതിയെ നീലമ്പേരൂരിലെ പത്തില്ലത്ത് പോറ്റിമാരുടെ വകയായിരുന്ന ശിവക്ഷേത്രത്തിന് വടക്കുവശം വടക്കുദർശനമായി ക്ഷേത്രം നിർമിച്ച് പ്രതിഷ്‌ഠിച്ചു. രാജാവ് നേരിട്ടു പ്രതിഷ്‌ഠ കഴിപ്പിച്ച തിനാൽ ക്ഷേത്രത്തിന് "പള്ളിഭഗവതി" ക്ഷേത്രമെന്ന് പേരിട്ടു. കലാപ്രകടനങ്ങൾ കണ്ടാസ്വദിക്കാൻ പെരുമാൾ കൊട്ടാര മാളികയിൽ എഴുന്നള്ളിയിരുന്നു. പടയണി ആരംഭിച്ചത് ഇതിൻറെ ഓർമ്മ പുതുക്കാനാണ് എന്നാണ് വിശ്വാസം. പള്ളി ബാണപ്പെരുമാളെന്ന രാജാവ് മതം മാറിയശേഷം തൻറെ ആസ്ഥാനമായ തിരുവഞ്ചിക്കുളത്തു ( കൊടുങ്ങല്ലൂർ) നിന്നു വിട്ട് കോട്ടയം, ചങ്ങനാശേരി എന്നീ പ്രദേശങ്ങളിൽ യാത്രചെയ്തിരുന്നു ഒടുവിൽ നീലംപേരൂർ വച്ച് അദ്ദേഹം ഒരു ബുദ്ധമത സന്യാസിയായി ദേഹത്യാഗം ചെയ്തു.അതേ പെരുമാളാണ് നീലംപേരൂരെയും കിളിരൂരിലേയും പ്രതിഷ്‌ഠകൾ നടത്തിയത് എന്നാണ് മറ്റൊരു വിശ്വാസം. നീലംപേരൂർ ക്ഷേത്രത്തിനു മുൻവശമുള്ള മതിലിനു പുറത്തുണ്ടായിരുന്ന മാളിക പള്ളി ബാണപ്പെരുമാളുടെ ശവകുടീരമായിരുന്നുവത്രെ.
ദാരിക നിഗ്രഹത്തിനുശേഷം കലി അടങ്ങാതെവന്ന ഭദ്രകാളിക്കു മുന്നിൽ മഹാദേവൻറെ ഭൂതഗണങ്ങൾ കോലങ്ങൾ വെച്ചുകെട്ടി തുള്ളിയെന്നും ഭഗവതി സന്തോഷവതിയായെന്നുമാണ് ഹിന്ദുമതവുമായി ബന്ധപ്പെട്ട ഐതിഹ്യം.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്ക് അടുത്താണ് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമം. അവിടത്തെ ഭഗവതിയുടെ പിറന്നാളായ പൂരം നാളിലാണ് പടയണി .ചിങ്ങത്തിലെ ഓണം കഴിഞ്ഞുള്ള അവിട്ടം നാളിലാണ് 16 ദിവസത്തെ പടയണി ആഘോഷങ്ങള്‍ തുടങ്ങുന്നത്. നാലു ദിവസം വീതമുള്ള നാല് ഘട്ടങ്ങളായി പടയണി ആഘോഷിക്കുന്നു.
മധ്യതിരുവിതാംകൂറിലെ പടയണി ഗ്രാമങ്ങളില്‍ കാണുന്ന മിക്ക ആചാരാനുഷ്ഠാനങ്ങളും രീതികളും നീലംപേരൂരിലും കാണാം. ചെറിയവ്യത്യാസങ്ങള്‍ കണ്ടെക്കാം നീലമ്പേരൂര്‍ പടയണിയുടെ സവിശേഷതയും അവയാണ് .
വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ഈ അനുഷ്‌ഠാനം ഗ്രാമജീവിതത്തിന്‍റെ ഭാഗമാണ്. പടയണിയില്ലാതെ നീലംപേരൂര്‍ ഗ്രാമമില്ല.ഭക്‌തര്‍ അന്ന് ഭഗവതിക്ക് തിരുമുല്‍ക്കാഴ്‌ചയായി വിവിധ വര്‍ണങ്ങളിലുള്ള അരയന്നങ്ങളും പടയണിക്കോലങ്ങളും സമര്‍പ്പിക്കുന്നു.രാത്രിയാണ് അന്നങ്ങളുടെ വരവും പടയണി സമാപനവും.